യമനില്‍ ക്രിസ്ത്യാനികള്‍ വാഴുന്ന കാലം. ക്രിസ്തുമതത്തിന്‍റ കീഴിലായിരുന്നു അബ്സീനിയയുടെ ചക്രവര്‍ത്തി നജ്ജാശിയുടെ കീഴില്‍ യമന്‍ ഭരിച്ചിരുന്ന രാജാവായിരുന്നു അബ്റഹത്ത്. അബ്റഹത്തിന്‍റെ യഥാര്‍ത്ഥ പേര് അശ്റം എന്നായിരുന്നു. നജ്ജാശി രാജാവിന്‍റെ തൃപ്തി കൈവരിക്കാന്‍ വേണ്ടി അബ്റഹത്ത് യമനില്‍ ഒരു വലിയ ദേവാലയം പണികഴിപ്പിച്ചു. അതിന്‍റെ പേര് അല്‍ കുലൈസ് എന്നായിരുന്നു. ഈ ദേവാലയം ആ കാലത്തെ ഏറ്റവും വലിയതും ആഡംബരം നിറഞ്ഞതുമായിരുന്നു. ഈ നിര്‍മ്മിതി ഉണ്ടാകുന്നതിന് മുമ്പ് തന്നെ അബ്റഹത്ത് കഅ്ബയെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇവിടേയക്ക് വരുന്ന വിശ്വാസികളെ താന്‍ ഉണ്ടാക്കാന്‍ ഇരിക്കുന്ന ദേവാലയത്തിലേക്ക് തിരിക്കുക എന്നതായിരുന്നു അബ്റഹത്തന്‍റെ ലക്ഷ്യം. ദേവാലയത്തിന്‍റെ നിര്‍മ്മാണത്തിന് ശേഷം അബ്റഹത്ത് നജ്ജാശി രാജാവിന് കത്തെഴുതി. ഞാന്‍ താങ്കള്‍ക്ക് വേണ്ടി ഒരു ദേവാലയം പണികഴിപ്പിച്ചിരിക്കുന്നു. താങ്കള്‍ക്കു മുമ്പുണ്ടായിരുന്ന ഒരു രാജാവിനും ഇതുപോലത്തെ നിര്‍മ്മിതി ഉണ്ടാക്കിയിട്ടില്ല. മുസ്ലിമീങ്ങളുടെ ഹജ്ജ് ഈ ദേവാലയത്തിലേക്ക് മാറ്റുമെന്നും ആ കത്തില്‍ കുറിച്ചിരുന്നു. ഈ വിഷയം അറബികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി മാറി. ഇതില്‍ പ്രതിഷേധിച്ച് കിനാന ഗോത്രത്തില്‍പ്പെട്ട ഒരാള്‍ അബ്റഹത്ത് നിര്‍മ്മിച്ച ദേവാലയത്തില്‍ മലമൂത്രവിസര്‍ജനം നടത്തി. ഇതറിഞ്ഞ അബ്റഹത്ത് രോഷാകുലനായി. കഅ്ബ പൊളിക്കാന്‍ തീരുമാനിച്ചു. പതിമൂന്നു ആനകള് ഉള്‍പ്പെടുന്ന വലിയ ഒരു സൈന്യത്തെ സജ്ജമാക്കി. അറുപതിനായിരം ആളുകള്‍ ഉണ്ടായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. ആ സൈന്യത്തിലെ വലിയ ആന അബ്റഹത്തിന് ആയിരുന്നു. അതിന്‍റെ പേര് മഹ്മൂദ് എന്നായിരുന്നു. സൈന്യം മക്ക ലക്ഷ്യമാക്കി പുറപ്പെട്ടു. വഴിയില്‍വെച്ച് നിരവധി അറബ് ഗോത്രങ്ങള്‍ അബ്റഹത്തിന്‍റെ സൈന്യത്തെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. യമനിലെ ദൂനഫര്‍ എന്ന പ്രമാണിയും സംഘവും പിന്നാലെ ഗസ്ഹമില്‍ വെച്ച് നൂഫൈല്‍ എന്ന പ്രമാണിയും പല ഗോത്രങ്ങളും സൈന്യത്തെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതറിഞ്ഞ പല ഗോത്രങ്ങളും തടയുന്നതില്‍ നിന്ന് പിന്മാറി. മുഗമസ് എന്ന സ്ഥലത്ത് അവര്‍ തമ്പടിച്ചു. എന്നിട്ട് നിരവധി ഒട്ടകങ്ങളെയും ആടുകളെയും അവര്‍ പിടിച്ചെടുത്തു. കഅ്ബയുടെ സൂക്ഷിപ്പുകാരനും മക്കയിലെ നേതാവുമായിരുന്ന അബ്ദുല്‍ മുത്തലിബിന്‍റെ ഇരുന്നൂറ് ഒട്ടകങ്ങളെ സൈന്യം പിടിച്ചെടുത്തിരുന്നു. ഞങ്ങള്‍ യുദ്ധം ചെയ്യാന്‍ വന്നവരല്ല എന്നും കഅ്ബ പൊളിക്കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും സന്ദേശം അറിയിച്ചു. മക്കകാരുടെ നേതാവിനെ തന്‍റെ മുമ്പില്‍ ഹാജരാക്കണം എന്ന് അദ്ദേഹം കല്‍പ്പിച്ചു. അങ്ങനെ അബ്ദുല്‍ മുത്തലിബ് അബ്റഹത്തിന്‍റെ മുമ്പില്‍ ഹാജറായി. അബ്റഹത്ത് ചോദിച്ചു: നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ അബ്ദുല്‍ മുത്തലിബ് പറഞ്ഞു: ഉണ്ട്, എന്‍റെ ഇരുന്നൂറ് ഒട്ടകങ്ങളെ താങ്കളുടെ സൈന്യം കൊള്ളയടിച്ചി ട്ടുണ്ട്. അത് എനിക്ക് തിരിച്ചു തരണം. അപ്പോള്‍ അബ്റഹത്ത് ചോദിച്ചു: ഞാന്‍ വന്നത് നിങ്ങളുടെ വിശുദ്ധമായ കഅ്ബ പൊളിക്കാനാണ്. അതിനെകുറിച്ച് ഒന്നും പറയാനില്ലേ? അബ്ദുല്‍ മുത്തലിബ് പറഞ്ഞു: നിങ്ങള്‍ പിടിച്ചുവെച്ച ഒട്ടകങ്ങളുടെ ഉടമസ്ഥന്‍ ഞാനാണ്. അവരുടെ കാര്യങ്ങള്‍ ഞാനാണ് നോക്കേണ്ടത്. എന്നാല്‍ കഅ്ബക്ക് അതിനെ സംരക്ഷിക്കുന്ന ഉടമസ്ഥനായ റബ്ബുണ്ട്. അതിന്‍റെ കാര്യം അവന്‍ നോക്കിക്കോളും. അബ്റഹത്ത് പ്രതികരിച്ചു : എന്നെ തടയാന്‍ ഒരു റബ്ബിനും ആവില്ല. എന്നാല്‍ അങ്ങനെയാവട്ടെ എന്ന് അബ്ദുല്‍ മുത്തലിബ് മറുപടി പറഞ്ഞു. അബ്ദുല്‍ മുത്തലിബിന്‍റെ ഒട്ടകങ്ങളെ തിരിച്ചുകൊടുത്തു. സൈന്യം കഅ്ബ ലക്ഷ്യമാക്കി പുറപ്പെട്ടു. അവര്‍ മുഹസിര്‍ താഴ്വരയിലെത്തി. അവിടെവെച്ച് ആനകള്‍ മുട്ടു കുത്താന്‍ തുടങ്ങി. ഒരു ആന പോലും കഅ്ബക്ക് നേരെ ചലിച്ചില്ല. സൈന്യം അതിനെ ചലിപ്പിക്കാനുള്ള പല കാര്യങ്ങളും ചെയ്തു നോക്കി. എല്ലാം നിഷ്ഫലമായി. ഈ സമയം കടലിന്‍റെ ഭാഗത്തുനിന്ന് ഒരു തരം പക്ഷിക്കൂട്ടങ്ങള്‍ അവര്‍ക്ക് നേരെ കുതിച്ചുവന്നു. ആ പക്ഷികളെ കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിച്ചത് അബാബീല്‍ പക്ഷികള്‍ എന്നാണ്. ആ പക്ഷികളുടെ കൊക്കിലും കാലിലും ആയി മൂന്ന് സിജ്ജീല്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച കല്ലുകള്‍ ഉണ്ടായിരുന്നു. ആ പക്ഷിക്കൂട്ടം അവര്‍ക്ക് നേരെ ആക്രമിച്ചു കല്ലുകള്‍ തുരുതുരാ വര്‍ഷിച്ചു. സൈന്യം നാനാഭാഗത്തേക്കും ഓടി. കടുത്ത വേദനയോടെ അവര്‍ മരണത്തിന് കീഴടങ്ങി. ഈ സംഭവം ഖുര്‍ആനിലെ 105ാം അധ്യായം പ്രതിപാദിക്കുന്നു. ഈ സംഭവം നടന്നത് (ക്രിസ്ഥാപ്തം) 571 ലാണ് എന്ന് ചരിത്രത്തില്‍ കാണുന്നു. ഈ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. നബി(സ) തങ്ങളുടെ ജനനത്തിന് അമ്പത് ദിവസങ്ങള്‍ക്കു മുമ്പാണ് എന്നും പറയപ്പെടുന്നു. സ്രഷ്ടാവിന്‍റെ ഭവനം നശിപ്പിക്കാന്‍ വന്നവരെ സ്രഷ്ടാവ് തന്നെ നശിപ്പിച്ച സംഭവമാണ് ആനക്കലഹമെന്ന ചരിത്ര സംഭവം. ആനകള്‍ കുറവായ അറേബ്യയില്‍ ആനകള്‍ ഉപയോഗിച്ചുള്ള സൈന്യവുമായി വന്നതു കൊണ്ടായിരിക്കാം ആനക്കലഹമെന്ന പേര് വരാന്‍ കാരണം എന്ന് ചരിത്രകാരന്‍മാര്‍ . ഹിജ്റ വഅഷം ആരംഭിക്കുന്നതുവരെ ആനക്കലഹത്തെ മുന്‍നിര്‍ത്തിയാണ് ഖുറൈശികള്‍ കാലത്ത് നിര്‍ണയിച്ചിരുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ