മാതാവിൻ്റെ വിയോഗം


ബനൂ സഅ്ദ് ഗോത്രത്തിലെ ജീവിതത്തിനു ശേഷം പ്രവാചകന്‍ സ്വന്തം നാടായ മക്കയില്‍തന്നെ തിരിച്ചെത്തി. മാതാവിനോടൊപ്പം ജീവിതമാരംഭിച്ചു. മാതൃസ്‌നേഹത്തിന്റെയും ലാളനയുടെയും തണലില്‍ പുതിയൊരു ജീവിതാനുഭവമാണ് അന്ന് പ്രവാചകന് ലഭിച്ചത്. ഉമ്മയോടൊത്ത് പല കുടുംബക്കാരെയും സന്ദര്‍ശിക്കാനും അവരുടെയെല്ലാം സ്‌നേഹ ലാളനകള്‍ വാങ്ങാനും പ്രവാചകന് കഴിഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ അങ്ങനെ കഴിഞ്ഞുപോയി. പ്രവാചകന് ആറു വയസ്സായ സന്ദര്‍ഭം. ഉമ്മ ആമിന ബീവി തന്റെ പ്രിയ മകനെയും കൂട്ടി ബനൂന്നജ്ജാര്‍ ഗോത്രത്തിലെ കുടുംബക്കാരെ സന്ദര്‍ശിക്കാന്‍ പോയി. മാസങ്ങള്‍ അവിടെ ചെലവഴിച്ചു. കൂട്ടത്തില്‍ ഭര്‍ത്താവ് അബ്ദുല്ലായുടെ ഖബ്‌റും സന്ദര്‍ശനം നടത്തി.
അതിനിടയില്‍ ഒരു ദിവസം മദീനയിലെ ചില ജൂത പുരോഹിതന്മാര്‍ ഈ കുഞ്ഞിനെ കാണാന്‍ ഇടവന്നു. അവര്‍ക്ക് വിസ്മയമായി. ഇത് ഈ സമൂഹത്തില്‍ വരാനിരിക്കുന്ന പ്രവാചകനാണെന്നും മദീന അദ്ദേഹത്തിന്റെ പലായന കേന്ദ്രമായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഇതു കേട്ട ആമിനക്ക് പേടിയായി. അവര്‍ മകനെയും കൂട്ടി മക്കയിലേക്കുതന്നെ തിരിച്ചു. വഴിയില്‍ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ രോഗബാധിതയാവുകയും മരണമടയുകയും ചെയ്തു. അന്നവര്‍ക്ക് മുപ്പത് വയസ്സായിരുന്നു. (ഒരഭിപ്രായ പ്രകരാം ഇരുപത് വയസ്സ്). ഉമ്മു ഐമന്‍ എന്ന അടിമസ്ത്രീയും യാത്രാ സംഘത്തിലുണ്ടായിരുന്നു. കുറഞ്ഞ നാളുകള്‍ അവിടെ തങ്ങിയ ശേഷം അവര്‍ കുഞ്ഞുമായി മക്കയില്‍ തിരിച്ചെത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ