ജനനം

പത്തുമാസത്തെ പ്രതീക്ഷാപൂര്‍ണമായ കാത്തിരുപ്പിനു ശേഷം ആമിന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ക്രി. 571 ഏപ്രില്‍ ഇരുപത്തിയൊന്നാം തിയ്യതി (ഗജവര്‍ഷം: റബീഉല്‍ അവ്വല്‍ പന്ത്രണ്ട്) പ്രഭാതത്തോടടുത്ത സമയം ശഅബു ബനീ ഹാശിമില്‍ അബൂഥാലിബിന്റെ വീട്ടിലായിരുന്നു സംഭവം. അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിന്റെ മാതാവ് ശഫാഅ് ബീവിയായിരുന്നു സൂതികര്‍മിണി. ഉമ്മുഐമന്‍ പരിചാരികയും. കൈ രണ്ടും നിലത്ത് കുത്തി ആകാശത്തേക്ക് കണ്ണുകള്‍ ഉയര്‍ത്തിയായിരുന്നു കുഞ്ഞ് പുറത്തുവന്നത്. മാതാവിന് യാതൊരുവിധ വേദനയോ പ്രയാസമോ അനുഭവിക്കാത്ത പ്രസവം. അബ്ദുല്‍ മുത്ത്വലിബ് അപ്പോള്‍ കഅബാലയത്തിനടുത്ത് ഥവാഫിലായിരുന്നു. ഉടനെ ആളെവിട്ട് തനിക്കൊരു പേരക്കുട്ടി പിറന്നിട്ടുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടു. സന്തോഷാശ്രു പൊഴിച്ച അദ്ദേഹം വന്ന് കുഞ്ഞിനെ വാരിയെടുക്കുകയും കഅബാലയത്തില്‍ കൊണ്ടുപോവുകയും ചെയ്തു. ശേഷം മുഹമ്മദ് എന്ന് നാമകരണം നടത്തി. ഉമ്മയുടെ കരങ്ങളില്‍തന്നെ തിരികെ കൊണ്ടുവന്ന് നല്‍കി. മുഹമ്മദ് എന്ന നാമം അന്ന് അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് അദ്ദേഹം ചോദിക്കപ്പെട്ടപ്പോള്‍, ഭൂമിയിലുള്ളവരാലും ആകാശത്തുള്ളവരാലും അവന്‍ വാഴ്ത്തപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു പ്രതികരണം. ജനനത്തിന്റെ ഏഴാം ദിവസം അബ്ദുല്‍ മുത്ത്വലിബ് ഒരു ഒട്ടകത്തെ അറുത്ത് ഖുറൈശി പ്രമുഖര്‍ക്ക് സദ്യനല്‍കി തന്റെ സന്തോഷം എല്ലാവരുമായും പങ്കിട്ടു.

അല്‍ഭൂതപൂര്‍ണമായിരുന്നു നബിയുടെ ജനനം. ഗര്‍ഭസ്ഥശിശുവായിരിക്കെത്തന്നെ ഉമ്മ ആമിന ഈ അല്‍ഭുതങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. തനിക്ക് പിറക്കാന്‍ പോകുന്നത് ഒരു അസാധാരണ കുഞ്ഞായിരിക്കുമെന്ന് പലനിലക്ക് അവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ജനനസമയം പരിസരപ്രദേശങ്ങളിലെ ബിംബങ്ങളെല്ലാം തലകുത്തിവീഴുകയും പേര്‍ഷ്യക്കാര്‍ ആരാധിച്ചിരുന്ന അഗ്നികുണ്ഠം അണയുകയും ഫലസ്ഥീനിലെ സാവാ തടാകം വറ്റിവരളുകയും ചെയ്തു. അസാധാരണമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് പൊതുജനം അറിയുംവിധമായിരുന്നു ആ അനുഗ്രഹ ജന്മം സംഭവിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ