ബഹീറ പുരോഹിതനു മുമ്പില്‍


യാത്രാസംഘം സഞ്ചരിച്ച് ബസ്വറയിലെത്തി. ചരക്കുകള്‍ ഇറക്കിവെച്ച് സ്വല്‍പം അവിടെ വിശ്രമിക്കാന്‍ തീരുമാനിച്ചു. അതിനടുത്തുതന്നെ ബുഹീറ എന്നൊരു പാതിരിയുടെ മഠമുണ്ടായിരുന്നു. മുന്‍കാല വേദങ്ങളില്‍ അഗാധ പണ്ഡിത്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പ്രതീക്ഷിക്കപ്പെടുന്ന പ്രവാചകനെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തില്‍ ജ്ഞാനമുണ്ടായിരുന്നു. വിദൂര ദിക്കില്‍നിന്നും വന്നിറങ്ങിയ യാത്രാസംഘത്തെ അദ്ദേഹം ആവേശപൂര്‍വം വീക്ഷിച്ചു. അതില്‍ ഏറ്റവും പ്രായം കൂറഞ്ഞ ബാലനെ കണ്ടപ്പോള്‍ അദ്ദേഹത്തിന് വിസ്മയം തോന്നി. ഈ കുഞ്ഞില്‍ എന്തൊക്കെയോ അല്‍ഭുതങ്ങള്‍ വരാനിരിക്കുന്നതായി അദ്ദേഹത്തിന് മനസ്സിലായി. പൂര്‍വ വേദങ്ങളില്‍ വരാനിരിക്കുന്ന പ്രവാചകന്റെതായി പറഞ്ഞ പല വിശേഷണങ്ങളും അവനില്‍ ഒത്തിണങ്ങിയിട്ടുണ്ടായിരുന്നു. താമസിയാതെ അദ്ദേഹം ഒരു സദ്യയൊരുക്കുകയും യാത്രാസംഘത്തെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. സദ്യ വിളമ്പി. എല്ലാവരും ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ അദ്ദേഹം ബാലനടുത്തുവന്ന് ഖുറൈശികളുടെ  ദൈവങ്ങളായ ലാത്തയുടെയും ഉസ്സയുടെയും നാമത്തില്‍ സംസാരിച്ചു തുടങ്ങി. ബാലന്‍ പ്രതികരിച്ചില്ല. ശേഷം അദ്ദേഹം അല്ലാഹുവിന്റെ നാമത്തില്‍ സംസാരിച്ചു. പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. അതോടെ ഇത് അന്ത്യപ്രവാചകനാകാന്‍പോകുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തിന് ശരിക്കും ബോധ്യമായി. കൂടാതെ, ബാലന്റെ ചുമലില്‍ പ്രവാചകത്വപരിസമാപ്തിയുടെ അടയാളം (ഖാത്തമു നുബുവ്വ:) അദ്ദേഹം കാണുകയും ചെയ്തു. ബുഹീറ പിന്നീട് അബൂ ഥാലിബുമായി സംസാരിച്ചു. ബാലന്റെ മാതാപിതാക്കളെക്കുറിച്ചും നാട്ടിലെ അവസ്ഥകളെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കി. ശേഷം, ഇതൊരു അല്‍ഭുത ബാലനാണെന്നും ഇവന് മഹത്തരമായൊരു ഭാവി വരാനുണ്ടെന്നും അതിനാല്‍ ജൂതന്മാരില്‍നിന്നും ഇവനെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. അബൂ ഥാലിബ് പുരോഹിതന്റെ വാക്കുകള്‍ ശിരസ്സാവഹിച്ചു. ശാമിലെ കച്ചവട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞപാടെ അദ്ദേഹം ബാലനുമായി മക്കയിലേക്കു മടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ